കൊച്ചി: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ വാക്പോര് പുതിയ തലത്തിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിന് സിപിഐ മുഖപത്രത്തിലൂടെ രാജാജി മാത്യു തോമസ് മറുപടി നൽകി. പ്രതിപക്ഷ ഉപനേതൃപദവിക്കായുള്ള സിപിഐയുടെ ആവശ്യം കേവലം ഒരു പദവിക്ക് വേണ്ടിയുള്ള അവകാശവാദമല്ല.
ഇടതുപക്ഷ മുന്നണിയിൽ അനിവാര്യമായ രാഷ്ട്രീയ തിരുത്തലിനുള്ള ശ്രമമാണെന്നും രാജാജി മാത്യു തോമസ് വ്യക്തമാക്കി. എൽഡിഎഫ് നേരിട്ട കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ മുന്നണിയിൽ കൂട്ടായ നേതൃത്വവും കൂട്ടായ ഉത്തരവാദിത്തവും വേണം. ഈ നിലപാടിന്റെ ഭാഗമായാണ് സിപിഐ ഈ ആവശ്യം ഉന്നയിച്ചതെന്നും ലേഖനത്തിൽ വിശദീകരിക്കുന്നു.
വീഴ്ചകളെ രാഷ്ട്രീയ സത്യസന്ധതയോടെ വിലയിരുത്താൻ ഇടതുപക്ഷം തയാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടു. 1977ന് ശേഷം രാജ്യത്ത് ഒരൊറ്റ സംസ്ഥാനത്തും സിപിഎമ്മിന് സർക്കാർ രൂപീകരിക്കാനായിട്ടില്ലെന്ന പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി റിവ്യൂ റിപ്പോർട്ടിലെ കണ്ടെത്തലും ലേഖനം ചൂണ്ടിക്കാട്ടുന്നു.
ബിജെപി-സംഘപരിവാർ ശക്തികൾ രാജ്യത്ത് സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ പഴയ കീഴ്വഴക്കങ്ങളിൽ മാത്രം തൂങ്ങിക്കിടക്കുന്നത് ഗുണകരമാകില്ലെന്നും സിപിഐ വിലയിരുത്തുന്നു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കൂടുതൽ വിപുലവും കൂട്ടായതുമായ രാഷ്ട്രീയ പരിശ്രമം ആവശ്യമാണെന്നും ലേഖനത്തിൽ പറയുന്നു.
ദേശീയതലത്തിൽ ഫാസിസ്റ്റ് വിപത്തിനെ നേരിടുന്നതിൽ കോൺഗ്രസിന്റെ പ്രസക്തിയെ സിപിഐ ഗൗരവത്തോടെ കാണുന്നുണ്ടെന്നും രാജാജി മാത്യു തോമസ് വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യപ്രസ്താവനകളിൽനിന്ന് ലേഖനപ്പോരിലേക്കും കടന്നിരിക്കുകയാണ്.